തേഞ്ഞിപ്പലം: കോഴിക്കോട് ഭാഗത്തേക്കുള്ള കാലിക്കട്ട് സർവകലാശാല ബസ് സ്റ്റോപ്പിൽ സർവീസ് റോഡിനോട് ചേർന്ന് ബസ് ബേ പണിയണമെന്ന് ആവശ്യപ്പെട്ട് തേഞ്ഞിപ്പലം വൈഎംസിഎ ഭാരവാഹികൾ ടി.വി. ഇബ്രാഹിം എംഎൽഎ, ദേശീയപാത പ്രോജക്ട് ഡയറക്ടർ, ജില്ലാകളക്ടർ എന്നിവർക്ക് നിവേദനം നൽകി.
പ്രസിഡന്റ് പി.ജെ. സണ്ണിച്ചൻ, സെക്രട്ടറി കെ.വി. അഗസ്റ്റിൻ എന്നിവരാണ് നിവേദനം നൽകിയത്. സർവകലാശാല ബസ് സ്റ്റോപ്പിൽ ലൈൻ ബസ്, മിനിബസ്, ഓട്ടോറിക്ഷ, മറ്റു വാഹനങ്ങൾ എന്നിവ കാരണം രാവിലെയും വൈകുന്നേരവും തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർക്ക് 15 മുതൽ മുതൽ 25 മിനിട്ട് വരെ സമയം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ഈ സമയത്താണ് സ്കൂൾ കുട്ടികൾ, യൂണിവേഴ്സിറ്റി ജീവനക്കാർ, യൂണിവേഴ്സിറ്റി ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ വരികയും പോകുകയും ചെയ്യുന്നത്. സർവീസ് റോഡിനരികെ ബസ് ബേ പണിയുകയാണെങ്കിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യമാകും. അതുവഴി മറ്റു ബസുകൾക്ക് തടസമുണ്ടാകില്ലെന്ന് നിവേദനത്തിൽ പറഞ്ഞു.